ചങ്ക് റോത്ത് ആനയും മാക്കോട്ടു കുമാര മേനോനും

ചങ്ക്റോത്ത് ആനയും ......മാക്കോട്ടു കുമാരമേനോനും .....

    ഒരുപാടു പഴക്കമുള്ള കഥ - ഒരുപാടു പേർ പറഞ്ഞു കേട്ട കഥ - പറഞ്ഞു പറഞ്ഞു തേയ്മാനം വന്നു - വ്യത്യാസങ്ങൾ വന്നു പലതും പറഞ്ഞു് - ഇന്നത്തെ തലമുറ കേട്ടിട്ടുണ്ടോ എന്നറിയില്ല -

    ചേന്ദമംഗലത്ത് വൈകീട്ട് പാലിയം നടയിലെ ആൽത്തറക്കു മുന്നിലുള്ള കൂറ്റൻ കല്ലിനു ചുറ്റും കാരണവന്മാർ കൂടി നിന്നു നാട്ടുവിശേഷങ്ങൾ കൈമാറിയിരുന്നു - കുറച്ചു പേർ കിണറിൻ്റെ വക്കിലും വന്നിരിക്കും - ഇവർ ഒരുപാടു കഥകൾ പറയും പഴയ കാലത്തെ - ' ..... ശങ്കരയ്യൻ, ചന്ദ്രൻ മാഷ്, ആര്യാട്ട് കുട്ടപ്പൻ നായർ, കല്ലൂർ രാധാകൃഷ്ണമേനോൻ അങ്ങനെ പലരും - ഇവരെല്ലാം പോയി .... പഴയ കഥകളും അതോടെ വീണ് മറഞ്ഞു -

    പഴയ കാലത്തു് ആനയിടഞ്ഞാൽ അവിടെ എത്തി കല്ലെറിഞ്ഞ് ആനയുടെ മർമ്മത്ത് കൊള്ളിച്ച് ഇരുത്തി തളച്ചിരുന്ന ചിലരുണ്ടായിരുന്നു ചേന്ദമംഗലത്തു് - ഇളയിടത്തിങ്കൽ കൃഷ്ണമേനോൻ ,മാക്കോട്ടു കുമാരമേനോൻ ,കോററാട്ടു ശങ്കര അയ്യൻ എന്ന ശങ്കരമേനോൻ - ഇവരെല്ലാം നന്നായിട്ടു കഥ പറയും- ആന മർമ്മങ്ങൾ നന്നായി അറിയാവുന്നവരും ആണ് -

    ഒരിക്കൽ ചേന്ദമംഗലത്തും ചെറായി മിന്ന പ്രഭൂവിൻ്റെ ആനയെ കുളിപ്പിക്കാനായി കൊണ്ടുവന്നു - ഇടക്കു വരുന്ന ആന - അവൻ എന്തു ചെയ്തിട്ടും വെള്ളത്തിൽ ഇറങ്ങുന്നില്ല -ഭേദ്യം ചെയ്തു നന്നായി - ആനക്കൂട്ടാക്കാതെ നിന്നു - ആളുകൾ കൂടി - ഈ സമയം ശങ്കര അയ്യൻ എത്തി - ചട്ടക്കാരെ വഴക്കു പറഞ്ഞു - തലങ്ങും വിലങ്ങും തല്ലാതെ ആ കടക്കൊമ്പിന് രണ്ടെണ്ണം കൊടുക്കടാ - ആനക്കാർ കടക്കൊമ്പിന് ( ചീളി) രണ്ടെണ്ണം കൊടുത്തു - അതോടെ അവൻ ഉറക്കെ നിലവിളിച്ചു - അവർ പറഞ്ഞതെല്ലാം വൃത്തിയായി അനുസരിച്ചു -

    ചേന്ദമംഗലത്തെ കാരണവൻമാരിൽ നിന്നുമാണ് പഴയ ആനക്കഥകൾ അറിഞ്ഞത് - അതിൽ കല്ലൂർ രാധാകൃഷ്ണമേനോനാണു് പെരുവാരത്തെ ഈ പറയുന്ന കഥ പറഞ്ഞു തന്നത് - പണ്ടു് കീരങ്ങാട്ടു കേശവനും ,ദേശമംഗലം അയ്യപ്പൻ കുട്ടിയും, കുടലാറ്റുപുറം മന രാമചന്ദ്രനും എല്ലാം പാലിയം ഉത്സവത്തിനു വന്ന കഥയെല്ലാം അദ്ദേഹം പറയും- പാലിയം കുട്ടികൃഷ്ണൻ ക്ഷേത്രത്തിനു മുന്നിലെ ആലിൻ ചുവട്ടിൽ വെച്ചു വേലായുധൻ നായരെ കൊന്ന കഥയെല്ലാം ഇദ്ദേഹത്തിൽ നിന്നും അറിയാൻ കഴിഞ്ഞു -

      എൺപതു വർഷം മുൻപു് നടന്ന കഥയാണ് - തൃശൂർ വാളകത്ത് ചങ്ക്രമത്ത് ഗോപാലൻ കുട്ടി എന്ന ആനപെരുവാരത്തു് ശിവക്ഷേത്ര ഉത്സവത്തിനെത്തി - ആള് അൽപം കയ്യിലിരിപ്പൊക്കെ ഉണ്ട് -ആരടാ എന്നു ചോദിച്ചാൽ ഞാനെടാ എന്നു പറയുന്ന ഒരു രീതിക്കാരൻ - ഭേദ്യം കൊണ്ടു നേടാം എന്നു കരുതണ്ട - ഒരു താന്തോന്നി- എന്നാൽ നല്ലയെടുപ്പും, ഭംഗിയും, കറയറ്റ പൗരുഷവും ഉള്ള ഗോപാലൻകുട്ടിയെ ഏതു ക്ഷേത്ര കമ്മിറ്റിക്കാരും വിളിച്ചിരുന്നു - പ്രശസ്തനായ ആന - വികൃതിത്തരങ്ങൾക്കും പ്രശസ്തൻ -

° പെരുവാരം ക്ഷേത്രക്കുളത്തിലെ വിസ്തരിച്ചുള്ള കുളി കഴിഞ്ഞ് പട്ടയും താങ്ങി ഗോപാലൻകുട്ടി ഗോപുരം കടന്നു ആനപ്പന്തലിൽ പ്രവേശിച്ചു - ഈ സമയം ചട്ടക്കാരൻ എന്തോ കാരണത്താൽ തോട്ടി പ്രയോഗിച്ചു - പട്ട താഴെയിട്ട ഗോപാലൻകുട്ടി ചട്ടക്കാരനെ തുമ്പികൊണ്ട് തട്ടിയിട്ടു തലങ്ങും വിലങ്ങും കുത്തി -കലി തീരാതെ ചവിട്ടി കൂട്ടി- ജനങ്ങൾ നാലുപാടും ഓടി - ചിലർ ക്ഷേത്രത്തിനകത്തേക്കോടി - അവൻ പിന്നാലെ ഓടിയെങ്കിലും ബലിക്കൽ പുര വരെയെ എത്താൻ പറ്റിയുള്ളു - തുടർന്നു വെട്ടിത്തിരിഞ്ഞ അവൻ്റെ കൊമ്പു കൊണ്ടു കൊടിമരത്തിൻ്റെ ചെമ്പുതകിടു ച്ചുളുങ്ങി -

      കൊമ്പിൽ ചോരകലർന്നതോടെ ഗോപാലൻകുട്ടി നിന്നു കലിപൂണ്ടു വിറച്ചു - ഗോപുരവാതിലുകൾ അടച്ചു - 'ഗോപാലൻകുട്ടി ചിഹ്നം വിളിച്ചു ക്ഷേത്രത്തിനു ചുറ്റും പാഞ്ഞു നടന്നു - വിളക്കുമാടത്തിലും ദീപസ്തംഭത്തിലുമെല്ലാം അവൻ്റെ കൊമ്പെത്തി- അന്നു മയക്കുവെടി യെക്കുറിച്ചു ചിന്തിച്ചിട്ടു പോലുമില്ല - അന്നൊക്കെ " മത്തു് '' എന്നു പറയുന്ന ഒരു സാധനമുണ്ട് - ആനയുടെ പാദത്തിൻ്റെ വട്ടത്തിലുള്ള പലകയിൽ ആണി തറച്ചിരിക്കും - ഇതു് അവിടവിടെ ഇട്ട് മീതെ മണ്ണിട്ടു മറക്കും - ഇതാണ് മത്തു് - ഇതു് പാലിയത്തു കണ്ടിട്ടുണ്ട് -

    ആനയിടഞ്ഞതറിഞ്ഞ് ചേന്ദമംഗലത്തു നിന്നും മോനോൻമാർ എത്തി - അവർ മൂന്നു വശത്തായി തോൾമുണ്ടിൽ കല്ലുമായി നിന്നു - ഒരാൾ ക്ഷേത്രത്തിലെ കാടിക്കുഴിയിൽ കയറി ഇരുന്നു -ഗോപുരവാതിലിൽ നിന്നും കല്ല് ചീറി വന്നു -ഗോപാലൻകുട്ടി അലറി - അവൻ കല്ലു വന്ന ഭാഗത്തേക്കു പാഞ്ഞു - ഉടൻ വന്നു കാടിക്കുഴിയിൽ നിന്നും കുമാരമേനോൻ്റെ ഏറ്- അവൻ വെട്ടിത്തിരിഞ്ഞു - ഇതു നീണ്ടുനിന്നു -ഗോപാലൻകുട്ടി തളർന്നു - വീണ്ടും എറിയുവാൻ തല പൊക്കിയ കുമാരമേനോനെ ആനകണ്ടു - അവൻ കോപാക്രാന്തനായി പാഞ്ഞടുക്കുന്നതു കുമാരമേനോൻ കണ്ടു - അദ്ദേഹം മടിയിൽ നിന്നും പേനാക്കത്തി നിവർത്തി എടുത്തു -ഗോപാലൻകുട്ടി ചിഹ്നം വിളിച്ചു കാടിക്കുഴിയിലേക്കു കയ്യിട്ടതും തുമ്പിക്കയ്യിൻ്റെ അറ്റത്തു് പേനാക്കത്തികുത്തിയിറക്കിയതും ഒന്നിയ്യായിരുന്നു - അവൻ അലറി വിളിച്ചു പുറകോട്ടോടി - ഉറക്കെ ചിഹ്നം വിളിച്ചു കൈ കുടഞ്ഞു -കത്തി തെറിച്ചു പോയി -പിന്നെ ഒരു വരവായിരുന്നു - കുമാരമേനോനെ ചുറ്റിപ്പിടിച്ച് പൊക്കി നിലത്തടിച്ചു - ചവിട്ടി കുഴച്ചു -

     പോലീസെത്തി ആനയെ വെടിവെക്കാൻ ഉത്തരവായി- അന്ന് സർക്കാർ വേട്ടക്കാരനാണ് ഇട്ടൻ മാത്തുട്ടി-അദ്ദേഹം എത്തി ആദ്യത്തെ വെടി പൊട്ടി - കന്നത്തു വെടിയേറ്റ ഗോപാലൻകുട്ടി ഉറക്കെ അലറി - അവൻ നിന്നാടി: അടുത്ത വെടിയുണ്ടയും പിന്നാലെ എത്തി -ഗോപാലൻകുട്ടി മുട്ടുകുത്തി, കൊമ്പുകുത്തി മറിഞ്ഞു വീണു - തുമ്പി നീട്ടി വച്ച് അവൻ കണ്ണടച്ചു -

കുമാരമേനോൻ്റെ ജഢം പായയിൽ പൊതിഞ്ഞാണ് കൊണ്ടുവന്നതു് - കുറച്ച് മാംസക്കഷ്ണങ്ങൾ മാത്രമുണ്ടായിരുന്നു ബാക്കി -

     ക്ഷേത്ര മതിൽ വെട്ടിപ്പൊളിച്ചു ഗോപാലൻകുട്ടിയുടെ ജഡം പുറത്തിറക്കി വെട്ടിമുറിച്ചു പറവൂരിനടുത്ത് വെടിമറയിൽ ഒഴിഞ്ഞ സ്ഥലത്തു് ദഹിപ്പിച്ചു -

    അമ്പലപ്പറമ്പിൽ വിതറിയ ആണി തറച്ച മത്തുപലകകൾക്കോ: കല്ലുകൊണ്ടുള്ള ഏറി നോ അവനെ കീഴടക്കാനായില്ല -മനുഷ്യനു മുന്നിൽ കീഴടങ്ങാൻ അവൻ തയ്യാറല്ലായിരുന്നു ..... വിധി അവനെ വെടിയുണ്ടയുടെ രൂപത്തിൽ വന്നു കൊണ്ടുപോയി -

    പിറേറ്യന്നു് കൊടിമരത്തിനു മുകളിൽ കാക്കകൾ പറക്കുന്നു - എന്തോ കൊത്തുന്നുമുണ്ട് -ആരോ കല്ലെടുത്തെറിഞ്ഞു -കൊത്തിയ സാധനം താഴെ വീണു -- ..... അതു് ഒരു മനുഷ്യൻ്റെ കൈപ്പത്തി ആയിരുന്നു .......

        ....... ബാലചന്ദ്രൻ ചേന്ദമംഗലം ' .....

Comments

You must be logged in to post a comment.